സാംസ്കാരിക ചരിത്രം
മേലാറ്റൂരിന് സമ്പന്നമായൊരു സാംസ്കാരിക ചരിത്രമുണ്ട്. ഹിന്ദുക്കളും മുസ്ളീങ്ങളുമാണ് പഞ്ചായത്തിലെ മതവിശ്വാസികളധികവും. ചെറുതും വലുതുമായ ഏഴു ക്ഷേത്രങ്ങള്‍ മേലാറ്റൂരിലുണ്ട്. പഞ്ചായത്തു ബസ് സ്റ്റാന്റിന്റെ പടിഞ്ഞാറു ഭാഗത്തുള്ള ആറ്റുതൃക്കോവില്‍ ശിവക്ഷേത്രം അക്കൂട്ടത്തില്‍ ഏറെ പുരാതനവും പ്രസിദ്ധവുമാണ്. ഇവിടുത്തെ ശിവരാത്രിയാഘോഷം പുകള്‍പെറ്റതാണ്. ദിവസങ്ങളോളം നീണ്ടു നില്‍ക്കുന്ന “ചെറുമക്കളി” കാണാന്‍ ദൂരദേശങ്ങളില്‍ നിന്നുപോലും ആളുകള്‍ എത്തിച്ചേരാറുണ്ട്. ചോലക്കളത്തു വര്‍ഷംതോറും നടത്തിവരാറുള്ള താലപ്പൊലിയാഘോഷവും എടുത്തു പറയേണ്ടതാണ്. പഞ്ചായത്തില്‍ പതിനഞ്ച് ജുമാ അത്തു പള്ളികളും ഒട്ടേറെ നിസ്ക്കാരപള്ളികളും 30 മദ്രസ്സകളുമുണ്ട്. മേലാറ്റൂര്‍ ദേശീയ ഗ്രന്ഥാലയം, ചെമ്മാണിയോട് വസുദേവ സ്മാരക വായനശാല, എടയാറ്റൂര് നവകേരള വായനശാല, കിഴക്കുപാടം വായനശാല, ചോലക്കുളം മില്ലിയ്യ ലൈബ്രറി, എടയാറ്റൂര്‍ ഹികംമത്ത് ലൈബ്രറി എന്നിവയാണ് പഞ്ചായത്തിലെ പ്രധാന ഗ്രന്ഥാലയങ്ങള്‍. പഞ്ചായത്തില്‍ 15 സ്പോര്‍ട്സ് ക്ളബുകളും നാല് ജനവിദ്യാകേന്ദ്രങ്ങളും ഒരു ജനശിക്ഷണനിലയവും സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്.