സാമൂഹ്യചരിത്രം
സാമൂഹ്യചരിത്രം
ഇതുവഴി കടന്നുപോകുന്ന വെള്ളിയാര്‍പ്പുഴ എന്ന ആറുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്തിന് മേലാറ്റൂരെന്ന പേരു ലഭിച്ചത്. ആറിന്റെ മേലെയുള്ള ഊര് എന്നാണ് മേലാറ്റൂര് എന്ന സ്ഥലനാമം സൂചിപ്പിക്കുന്നത്. വെള്ളിയാര്‍പ്പുഴയുടെയും ഒലിപ്പുഴയുടെയും ഇടയില്ലുള്ള ഊര് ഇടയാറ്റൂരും. പേരുകളെ ധന്യമാക്കുന്ന പ്രസ്തുത നദികള്‍ രണ്ടും പഞ്ചായത്തിന്റെ പ്രധാന ജലസ്രോതസ്സുകളാണ്. വള്ളുവനാടിന്റെ വടക്കെ അതിര്‍ത്തിയിലുള്ള മേലാറ്റൂര്‍ പഞ്ചായത്ത് പഴയ പാലക്കാട് ജില്ലയില്‍പ്പെട്ട സ്ഥലമായിരുന്നു. പടിഞ്ഞാര്‍ക്കര കോവിലകവുമായും പടനായകനുമായും ബന്ധപ്പെട്ട പല ഐതീഹ്യങ്ങളും മേലാറ്റൂരിനെ ചുറ്റിപ്പറ്റി പറയപ്പെടുന്നുണ്ട്. ആയിരനാഴി കോവിലകം, പനയൂര്‍മന, മണ്ണാനിക്കാട് മന, അരീക്കര കുടുംബം, കുന്നത്ത് കുടുംബം, വടക്കേക്കര കുടുംബം, വെബ്ളാശ്ശേരി കുടുംബം, മങ്കടകോവിലകം എന്നിവരായിരുന്നു ഈ പ്രദേശത്തെ ഭൂമി മുഴുവന്‍ കൈയ്യടക്കിവച്ചിരുന്ന വന്‍കിടജന്മിമാര്‍. 1921-നു മുമ്പ് വള്ളുവനാട്, ഏറനാട്, തിരൂര്‍, പൊന്നാനി താലുക്കുകളിലെ പലഭാഗങ്ങളിലായിലായി പലവട്ടങ്ങളായി നടന്ന ഇരുനൂറോളം പ്രമുഖ കലാപങ്ങളിലൊന്ന് മേലാറ്റൂരിലായിരുന്നു. 1880 സെപ്റ്റംബര്‍ 9-നു ഭൂവുടമകളായ അപ്പാദുരൈ പട്ടരും, പിഷാരടിയും അക്രമിക്കപ്പെട്ടതായി വില്യം ലോഗന്റെ “മലബാര്‍ മാനുവ”ലില്‍ സൂചിപ്പിച്ചിട്ടുണ്ട്. ദേശീയപ്രസ്ഥാനത്തിന്റെ അലകള്‍ ക്വിറ്റ് ഇന്ത്യാ സമരം, വിദേശ വസ്ത്ര ബഹിഷ്കരണം, കള്ളുഷാപ്പ് പിക്കറ്റിംഗ് മുതലായവയൊന്നും ഈ പ്രദേശത്ത് ആഞ്ഞടിച്ചതായി കേട്ടിട്ടില്ലെങ്കിലും, ചില ബ്രിട്ടീഷ് വിരുദ്ധ സമരങ്ങള്‍ ഇവിടെ ശക്തമായിത്തന്നെ നടന്നിട്ടുണ്ട്. 1921-ലെ മഹത്തായ മലബാര്‍ കലാപവും ബ്രിട്ടീഷുകാര്‍ക്കെതിരായ ഉഗ്രന്‍ താക്കീതായിരുന്നു. മതസൌഹാര്‍ദ്ദത്തിന്റെയും മതനിരപേക്ഷതയുടെയും ഉജ്ജ്വലമായ പാരമ്പര്യം എക്കാലവും കാത്തുസൂക്ഷിച്ചു പോന്ന നാടാണിത്. പഞ്ചായത്തിലെ ജനങ്ങളില്‍ മുസ്ളീങ്ങളും ഹിന്ദുക്കളുമാണധികവും. ക്രിസ്ത്യന്‍ സമൂഹം വളരെ കുറവാണ്. വെള്ളിയാഴ്ച തോറും ചന്തപ്പടി കേന്ദ്രീകരിച്ച് നടന്നുവന്നിരുന്ന ആഴ്ച്ചചന്ത ഇപ്പോള്‍ നിലവിലില്ല. കേരളത്തിലെ നെല്ലറയായ പാലക്കാട് ജില്ലയോടു ചേര്‍ന്നുകിടക്കുന്ന പ്രദേശമാണ് മേലാറ്റൂര്‍ ഗ്രാമപഞ്ചായത്ത്. വെള്ളിയാര്‍പുഴയും ഒലിപ്പുഴയും വെള്ളിയാര്‍ പുഴയില്‍ എത്തിച്ചേരുന്ന വിവിധ തോടുകളും ഈ പഞ്ചായത്തിനെ ജലസമ്പത്ത് കൊണ്ട് അനുഗ്രഹിക്കുന്നു. 1977 വരെയുള്ള കാലയളവില്‍ ഭൂമിയുടെ 20 ശതമാനവും നെല്‍കൃഷിക്കായി ഉപയോഗിച്ചിരുന്നു. വെള്ളിയാര്‍പുഴയുടെ ഇരുകരകളില്‍ നിന്നും ജലസേചനത്തിനു വേണ്ടി പമ്പ് സെറ്റ് ഉപയോഗിച്ച് വിരിപ്പ്, മുണ്ടകന്‍, പുഞ്ച എന്നീ മൂന്ന് വിളകളും കൃഷി ചെയ്തിരുന്നു. നെല്‍പാടങ്ങളില്‍ ഇടവിളയായി എള്ള്, ചാമ എന്നിവയും, ഒരുവിള എടുത്തിരുന്ന പള്ള്യാല്‍ സ്ഥലങ്ങളില്‍ മുതിര, ഉഴുന്ന്, ചക്കരകിഴങ്ങ് എന്നിവയാണ് കൃഷി ചെയ്തിരുന്നത്. പറമ്പുകളില്‍ ചേന, ചേമ്പ്, ഇഞ്ചി, കാവത്ത്, കിഴങ്ങ്, കൂര്‍ക്ക എന്നിവയും കൃഷി ചെയ്തിരുന്നു. വര്‍ഷാരംഭത്തില്‍ പയര്‍, വെണ്ട, മത്തന്‍, എളവന്‍, വഴുതന, പച്ചമുളക്, ചുരങ്ങ എന്നീ പച്ചക്കറികളായിരുന്നു കൃഷി ചെയ്തിരുന്നത്. വേനല്‍ക്കാലത്ത് പുഴവക്കത്ത് നാടന്‍ഏത്തം ഉപയോഗിച്ചു വെള്ളം തേവിയും, മുക്കിനനച്ചും വെള്ളരി, മത്തന്‍, പടവലം, കുമ്പളം, കയ്പ എന്നിവ കൃഷി ചെയ്തിരുന്നു. വെണ്ണീര്‍ ഉപയോഗിച്ചാണ് കീടങ്ങളെ നിയന്ത്രിച്ചിരുന്നത്. അക്കാലത്ത് ജൈവവളം മാത്രമാണ് ഉപയോഗിച്ചിരുന്നത്. പറമ്പുകളിലെ പ്രധാനവിള കശുമാവ് ആയിരുന്നു. മേലാറ്റൂര്‍ പഞ്ചായത്തിലെ പ്രധാനപ്പെട്ട വളര്‍ത്തു മൃഗങ്ങള്‍ ആട്, മാട് എന്നിവയാണ്. ഉഴവുമാടുകളുടെ എണ്ണം ഇപ്പോള്‍ ചുരുങ്ങി വരുന്നു. 5 കോഴി വളര്‍ത്ത് ഫാമുകള്‍ക്ക് പുറമേ, വീടുകളിലും കോഴികളെ വളര്‍ത്തിവരുന്നു. നെല്‍കൃഷിയുടെ കുറവ് കന്നുകാലികളെ വളര്‍ത്തുന്നതിലും കര്‍ഷകര്‍ക്ക് താല്‍പര്യമില്ലാതാക്കി.